വീതി കൂടിയ ഈ പുഴയുടെ വക്കിൽ ഇരിക്കുമ്പോൾ ആണ് തിരിച്ചറിയുന്നത് പുഴയിൽ പെയ്യുന്ന മഴക്ക് ശബ്ദം കുറവാണ്. വയലിന്റെ വക്കിൽ നിന്ന് കാണുന്ന മഴയേക്കാൾ ശബ്ദം കുറവ്.സത്യത്തിൽ മഴ നിശ്ശബ്ദയാണല്ലോ, ഹാർഷാരവങ്ങളോട്കൂടി സ്വികരിക്കപ്പെടുമ്പോൾ ആണ് മഴക്ക് ശബ്ദം ഉണ്ടാകുന്നത്, സ്വികരിക്കപ്പെടുന്നതിന്റെ ശബ്ദം . എന്നാൽ പുഴക്കരയിലെ മഴയുടെ നിശബ്ദത ഒരു തിരസ്കരണം ആണ്, പുഴ ഒരിക്കലും മഴയെ സ്വീകരിച്ചില്ല, വെറുത്തതും ഇല്ല.
കഥയിലെ നായകൻ കറിയ വള്ളക്കടത്ത് കാരൻ ആണ്.പുഴയുടെ രണ്ടു കരകളിൽ ആയി കിടക്കുന്ന ആളുകളെ തമ്മിൽ ബന്ധിക്കുന്ന കടത്ത്കാരൻ. കലാഭേദങ്ങളിൽ കാലങ്ങിയും തെളിഞ്ഞും ഒഴുകുന്ന ആറിന് കുറുകെയും അരിക്കുകളിലൂടെയും നാട്ടുകാരെ ലക്ഷ്യങ്ങളിലേക്ക് കറിയ എത്തിച്ചുപോന്നു , അതിൽ നിന്ന് കിട്ടുന്ന പാരിദോഷികങ്ങളിൽ അവന്റെ കുടുംബവും പുലർന്നു പൊന്നു.
എത്ര വൈകിയാലും കറിയ കടത്ത് പുരയിൽ കാണും. ഇടക്ക് പൊരേൽ പോയി കഞ്ഞി കുടിക്കുകയോ ഉറങ്ങുകയോ ചെയ്യുക ആണെങ്കിൽ കൂടി ആരേലും വിളിച്ചാൽ കറിയ ഓടി വരും. എന്നാൽ വന്ന് വിളിച്ചവർ പ്രിയപ്പെട്ടവർ അല്ല എങ്കിൽ കറിയ ഒന്ന് അമന്തിക്കും ,ഒന്ന് ചൊറിയും മധുരമായി തന്നെ. ആണ്ടിൽ ഒരിക്കെ ആറാനയെയും ഒഴുക്കി തൊറാന വെള്ളം വരുമ്പോ നാട്ടിലെ പ്രമാണിമാർക്കൊന്നും കറിയ വള്ളം കൊടുക്കില്ല, ഇഷ്ടപ്പെട്ട ചില ആളോൾക്ക് മാത്രം.
ഒരു രാത്രി കറിയ തോണിത്തലപ്പിൽ മാനം നോക്കി കിടക്കുക ആയിരുന്നു. അന്നേരം ആകാശത്ത് ഒച്ചയിട്ട് ചിറക് വീശി കടന്ന് പോകുന്ന വവ്വാൽ കൂട്ടം കറിയ കണ്ടു.കറിയ ഓർത്തു 'പടിഞ്ഞാട്ട് പ്ലാപ്പിളി തോട്ടത്തിലെ കാവിലെ വലിയ പടുമരത്തിലും അക്കരെ വലിയ ആഞ്ഞിലിത്തലപ്പിലും താമസിക്കുന്ന വവ്വാല്ക്കുട്ടം ആണ്, അവറ്റോൾക്ക് അക്കാരേം ഇക്കാരേം പോകാൻ എന്റെ ആവശ്യം ഇല്ല!'.കറിയ ഒന്ന് ചിരിച്ചു, ഓളത്തിന്റെ താളത്തിൽ അയാൾ ഒന്ന് മയങ്ങി. ഉറക്കത്തിൽ കറിയ ഒരു സ്വപ്നം കണ്ടു, 'പടിഞ്ഞാട്ട് പ്ലാപ്പിളി പറമ്പിലെ കാവിലെ പടുമരത്തിന്റെ തലക്കൽ കാറ്റ് പിടിക്കുന്നു, ആടി ഉലയുന്ന മരത്തലപ്പിൽ നിന്നും ചിറകടിച്ചു യുദ്ധം ചെയ്തു പറന്ന് പോകുന്ന വവ്വാൽ കൂട്ടം, വലിയ ഒച്ചയോടുകൂടി കടപുഴകി വീഴുന്ന മരം, മരത്തിൽ പടർന്ന് കയറിയിരുന്ന വള്ളിപ്പടർപ്പ് കൾക്ക് ഇടയിപ്പെട്ടു പറക്കാൻ കഴിയാതെ കുടുങ്ങി മരത്തിന്റെ ഇടയിൽപ്പെട്ടു ചത്ത് പോകുന്ന ഒറ്റപ്പെട്ട വവ്വാലുകൾ.പുഴക്കരയിൽ നിന്ന് ഓടി വീണുകിടക്കുന്ന റബർ കരിയിലയും ചുള്ളിക്കമ്പുകളും ചവിട്ടി അരച്ച് ഓടിച്ചെല്ലുന്ന കറിയ കാണുന്നത് കടപുഴകി വീണ കാവിലെ വന്മരത്തിന്റെ വേരു പൊന്തിപൊന്ന കുഴിയിൽ ഇരുന്നു ചൂണ്ട ഇടുന്ന തന്റെ അപ്പനെ ആണ്!' കറിയ ഞെട്ടി എഴുന്നേറ്റു , അപ്പാ എന്ന് വിളിച്ചു കറിയ കരയാൻ തുടങ്ങി. കറിയയുടെ കരച്ചിലിന്റെ താളത്തിൽ വള്ളം മെല്ലെ ഇളക്കാൻ തുടങ്ങി. തോണിയുടെ ഇളക്കത്തിൽ ഉലയുന്ന ചന്ദ്രബിംബത്തിനോടൊപ്പം കറിയ തന്റെ മുഖവും കണ്ടു, എന്തെന്നില്ലാത്ത ഒരു വിഷമം കറിയ യെ വീണ്ടും വീണ്ടും കരയിച്ചു. ആ കരച്ചിലിന്റെ താളത്തിൽ വള്ളം വീണ്ടും ഉലയാൻ തുടങ്ങി. പുഴയരികിലെ മിന്നാമിന്നി കുടുകൾ അയാളെ ആശ്വസിപ്പിക്കാൻ എന്നപോലെ മിന്നാൽ തുടങ്ങി. എന്നാൽ അപ്പോൾ പുഴയുടെ ഇക്കരെ പറമ്പിന്റെ അങ്ങേ ഓരത്ത് തമസിക്കുന്ന പാസ്റ്റർ അപ്പന്റെ വീട്ടിൽ നിന്നും ഉച്ചത്തിൽ ഉള്ള നിലവിളി കേട്ടു, പാസ്റ്റർ അപ്പനും രണ്ടു പെങ്ങന്മാരും ആണ് അവിടെ താമാസം, അവരുടെ പ്രാർഥനയുടെ മുരളിച്ചകളും അലറലുകളും അവൻ നേരത്തെയും കേൾക്കാറുള്ളത് കൊണ്ട് അവന് അത് പുതുമ ആയിതോന്നി ഇല്ല, പക്ഷെ ഇത്തവണ അത് അങ്ങനെ ആയിരുന്നില്ല, പാസ്റ്റർ അപ്പൻ കർത്തവിൽ നിദ്ര പ്രാപിച്ചിരിക്കുന്നു, പിന്നീട് അങ്ങോട്ടുള്ള കറിയയുടെ ദിവസപ്പാതികൾ കറിയ കർമ്മനിരതൻ ആയി, അവന്റെ ഉള്ളിൽ നിറഞ്ഞ കാരണമില്ലാത്ത വിഷമങ്ങളെ ഒതുക്കി വച്ച് അവൻ ആ കുടുംബത്തിന്റെ വിഷമങ്ങൾ അക്കരക്കും സന്ത്വനങ്ങൾ ഇക്കരക്കും കടത്തുന്ന കണ്ണി ആയി മാറി. അക്കരെ നിന്നും ബന്ധുക്കളെയും സഹവിശ്വാസിമാരെയും വാളക പള്ളിയില്നിന്നും പുരോഹിതന്മാരെയും കൊണ്ട് വരികയും കൊണ്ട് വിടുകയും ചെയ്ത് പൊന്നു. കറിയ ക്ക് വിശന്നില്ല , കാരണം അറിയാത്ത സങ്കടം കറിയ യെ പിന്നെ അലട്ടിയില്ല. കറിയ തോണിറ്റകുഴഞ്ഞുകൊണ്ടിരുന്നു. ഒരു മരണം അനാഥാർ ആക്കിയ ആ രണ്ടു സഹോദരിമാരുടെ സങ്കടം അവൻ സ്വന്തം സങ്കടമോ കടമയോ ആയിക്കണ്ട് പ്രത്യുപകാരം പ്രദക്ഷിക്കാതെ സഹായിച്ചു.ഒരു രാത്രിയുടെ അവസാനം വരേയ്ക്കും ഇടതടവില്ലാത്ത തോണിയാത്രകൾ തുടർന്ന്. വെളുമ്പൻ ഇടിയും ചീറി നിൽക്കുന്ന മഴയും ഉള്ള ഒരു നനഞ്ഞ പകൽ ആയിരുന്നു പിറ്റെന്നത്തേത്. ശവം വാളകപ്പള്ളിയിൽ അടക്കാൻ കൊണ്ടുപോകാൻ സഹോദരിമാരും വിശ്വാസികളും വിലാപയാത്രയായി എത്തി. കറിയ തയാർ ആയി ഇരിക്കുക ആയിരുന്നു.കാറിയേടെ വള്ളത്തിൽ സഹോദരിമാരും പാസ്റ്റർ അപ്പന്റെ ശവവും കയറി. ചിറി ചിറി നിൽക്കുന്ന മഴയിൽ കലങ്ങി വരുന്ന പുഴയുടെ ഓരം പിടിച്ച് കറിയ വള്ളം തുഴഞ്ഞു. നീളൻ മുളം കഴ മണൽ നിലങ്ങളിയിൽ കുത്തി ഊന്നി വള്ളം മുന്നോട്ട് നീക്കി കൊണ്ട് ഇരുന്നു. കലങ്ങിയ കണ്ണുകളും ആയി സഹോദരിമാർ വള്ളത്തിൽ ഇരുന്നു പാസ്റ്റർ അപ്പന്റെ ചേതന അറ്റ ശരീരവും കറിയയുടെ തുഴച്ചിലും മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഇടത് വശം ചേർന്ന് നീങ്ങിയ വള്ളം ഓരത്ത് കിടന്ന പാഴിയും പായലും വകഞ്ഞു നീക്കി പുഴക്കുകുറുകെ തിരിയാൻ തുടങ്ങി. സഹവിശ്വാസികൾ സഞ്ചരിക്കുന്ന വള്ളങ്ങൾ കറിയയുടെ വള്ളത്തെ അനുഗമിച്ചുകൊണ്ടിരുന്നു. ഒന്നിന് പിറകെ ഒന്നായി അടുത്ത് അടുത്ത് നീങ്ങുന്ന വള്ളങ്ങൾ പുഴക്കു കുറുകെ കെട്ടിയ കറുത്ത വള്ളി പോലെ നീങ്ങി. അക്കരെ കര എത്തിയ വള്ളങ്ങൾ വാളക കരയിലേക്ക് കയറുന്ന കൈത്തൊടി ലേക്ക് തിരിഞ്ഞു.കൈത്തൊടിൽ നിറയെ കളിമണ്ണാണ്. നിറയെ കളിമണ്ണുമായി ഒരുപറ്റം വള്ളങ്ങൾ കൈത്തോടിൽ നിന്ന് പുഴയിലേക്ക് ഇറങ്ങി വന്നു കൊണ്ടിരുന്നു. നിറഞ്ഞ കണ്ണും ഉറക്കം കളഞ്ഞ ക്ഷിണവും ആയി വള്ളം തുഴഞ്ഞ കറിയ ഒരു കൂട്ടി ഇടി ഒഴിവാക്കാൻ തന്റെ നീളം ഏറിയ കഴ എതിരെ വന്ന വള്ള ത്തിലെ കളിമൺ കൂനയിൽ കുത്തി, വള്ളങ്ങൾ കൂട്ടി മുട്ടുന്നത് ഒഴിവായി എങ്കിലും കളിമണ്ണിൽ ഉറഞ്ഞ തന്റെ കഴ തിരിച്ചു ഊരി എടുക്കാൻ കറിയ ക്ക് ആയില്ല. കറിയ യും സഹോദരിമാരും പാസ്റ്റർ അപ്പനും കുലുങ്ങി, കറിയ ശക്തമായി വലിച്ചു വലിച്ചത്തിന്റെ ആയത്തിൽ കറിയയുടെ വള്ളം മുങ്ങിപ്പോയി.പാസ്റ്റർ അപ്പന്റെ ശവത്തിന് ഒപ്പം സഹോദരിമാരും കറിയ തന്നെയും വള്ളത്തിന്റെ അടിയിൽ പെട്ടുപോയി , ഒരുമിച്ചു മുങ്ങിയ സഹവിശ്വാസികളിൽ ചിലർ പാസ്റ്റർ അപ്പന്റെ ശവം പൊക്കി എടുത്തു. കറിയ തന്റെ വള്ളം വലിച്ചു കരയിൽ അടുപ്പിച്ചുവച്ചു. സഹോദരിമാരെ തിരയാൻ കറിയ വീണ്ടും വെള്ളത്തിലേക്ക് ചാടി, പാസ്റ്റർ അപ്പന്റെ ശവം കണ്ടുകിട്ടിയ സന്തോഷത്തിൽ സഹവിശ്വാസികൾ ഒരുമിച്ചു പാടാൻ തുടങ്ങി "സഹോദരിമാർ പോയാൽ എന്താ, നമുക്കു നമ്മടെ ശവം കിട്ടിയല്ലോ, നമ്മുടെ ശവം കിട്ടിയല്ലോ, കിട്ടിയല്ലോ!", അവർ ശവം അടക്കാൻ വാളകപ്പള്ളിയിലേക്ക് പോയി.
കയത്തിൽ മങ്ങിപ്പോയ സഹോദരിമാരെ കറിയ ഒറ്റക്ക് തിരഞ്ഞു. പക്ഷേ കണ്ടുകിട്ടി ഇല്ല. ചിറി പെയ്യുന്ന മഴയിൽ നനഞ്ഞു കറിയ കരക്ക് ഇരുന്ന് കരയാൻ തുടങ്ങി. എന്തെന്ന് ഇല്ലാതെ ഉള്ളിൽ നിറഞ്ഞ വേദന എന്തിന് വേണ്ടി ആയിരുന്നു എന്ന് കറിയ ക്ക് അപ്പോൾ മനസിലായി. പുഴയൊരത്തേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലയിലെ നഞ്ചിൻ കായ കറിയ പറിച്ചു തിന്നു.തൊണ്ടയിലെയും വയറിലെയും തോലുപൊള്ളിച്ചു നെഞ്ചിൻ കായയുടെ നീര് അയാളുടെ വയറ്റിലേക്ക് ഇറങ്ങി പോയി. അന്നേരം ആവഴി ശവം അടക്കുകഴിഞ്ഞു വന്ന സഹവിശ്വാസികളിൽ ചിലർ കറിയയുടെ നേരെ വിരൽചുണ്ടി ,"ഇവനാണോ ഒരു കടത്ത്കാരൻ , നമ്മടെ സഹോദരിമാരേം കൊന്നേച്ചു"അവർ കയ്യിൽ കിട്ടിയത് കൊണ്ട് അയാളെ എറിയാൻ തുടങ്ങി. ഏറു സഹിക്കാൻ വയ്യാതെ കറിയ തോണിയുമായി പുഴയുടെ നടുക്കേക്കു പോയി, അക്കരെയും ഇക്കരെയും നിന്ന് വിശ്വാസികൾ കടത്തുകാരൻ കറിയ യെ കല്ലെറിഞ്ഞു. കൈയിൽ ഇരുന്ന കഴ പുഴയിൽ കുത്തി നിർത്തി കറിയ ചോരതുപ്പി വള്ളത്തിൽ വീണു മരിച്ചു. അക്കരെയും ഇക്കരെയും നിൽക്കുന്ന വിശ്വാസികളുടെ ഏറു കൊണ്ട് കറിയ യുടെ ശവവും തോണിയും പുഴക്കു നടുവിലൂടെ ഒഴുകി പോയി. കറിയയുടെ സ്മാരകം പോലെ കുത്തി നിർത്തിയ കഴ പുഴക്കു നടുവിൽ നിന്നു.
അനന്തകൃഷ്ണൻ