മരങ്ങളുടെ തുഞ്ചണി പോക്കത്തിനും മുകളിൽ ആയി കാണുന്ന ആകാശത്തിന്റെ പാതിയോളം ഉയരത്തിൽ , മേഖങ്ങളുടെ മറപറ്റി നേരിയ ഒരു നിഴൽ പോലെ മലനിരകൾ എനിക്ക് എന്നും കാണാൻ കഴിഞ്ഞിരുന്നു, ഞാൻ പോകുന്നിടങ്ങളിൽ എല്ലാം. മലനിരകൾ ഒരിക്കലും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഇടങ്ങളിൽ പോലും പണ്ടെന്നോ കണ്ടു ശീലിച്ച ഈ മലനിരകൾ കാട്ടിത്തരുന്ന എന്റെ മനകണ്ണിന്റെ ഓർമ.
ഒരു തരത്തിൽ എന്റെ ഓർമ്മകൾ തന്നെ ആണ് ആ മലനിരകൾ.
ആ മലനിരകളിൽ നേരിയ വെളുത്ത പുക പോലെ മഞ്ഞുയരുന്നു. വെളുത്ത പാടപോലെ നിരുറവകൾ.പുൽനാമ്പുകളുടെ ചോട് പിടിച്ചു മലയിറങ്ങി വരുന്ന എന്റെ അച്ഛൻ. ഇരുട്ട് വീണാൽ അങ്ങിങ്ങായി തെളിയുന്ന വിളക്കുകൾ , കാറ്റിൽ അവ ഉലയുന്നത് , എല്ലാം എനിക്ക് കാണാൻ കഴിയുന്നു, മൗനമായി.
മണൽക്കുനകൾക്ക് നടുവിൽ ശ്വാസമടപ്പിക്കുന്ന കറുത്ത കറ പിടിച്ച പുകത്തുപ്പുന്ന കുഴലുകൾക്ക് നടുവിലെ ചില്ലുകൂട് മുറിക്കുള്ളിൽ ഇരുന്നപ്പോൾ അവിചാരിതം ആയിട്ടാണ് വെളുത്ത ഒരു പ്രാവ് ചിറകടിച്ചു പറന്ന് പോകുന്നത് കണ്ടത് . ജനൽച്ചില്ലകളിൽ ചിറകടിച്ചു കുറുകി അത് പറന്ന് പോയി. ദൂരെ മരീചിക പോലെ കാണാവുന്ന എപ്പോഴും മഴയിഴകളും കുഴമഞ്ഞും നിറഞ്ഞ എന്റെ ഓർമകളുടെ മലനിരകളിലേക്ക് അത് പറന്ന് പോയി.
മരുപ്പരപ്പിൽ എനിക്കിപ്പോൾ കാണാൻ കഴിഞ്ഞ വെള്ളരിപ്രാവിന്റെ കുറുകൽ എന്നെ എത്തിച്ചത് എവിടേക്ക് ആണ്.
മാസങ്ങൾ നീണ്ട വേനൽ അവധികൾക്ക് ശേഷം മടങ്ങിയെത്താറുള്ള കയറ്റം കിട്ടിയ ക്ലാസ് മുറികളിൽ നിറഞ്ഞുനിന്നിരുന്ന പ്രാവിൻതൂവലുകൾക്കും കുറുകലുകൾക്കും, കാട്ടങ്ങൾക്കും അവനിറക്കുന്ന മണത്തിനും നടുവിലേക്കോ ? ഓർമ്മകൾ മുറിഞ്ഞുപോയ അവദിക്കാലങ്ങളിൽ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളുടെ അർദ്രതകളില്ലെക്കോ ?ഒരിക്കലും മടങ്ങിപ്പോകാൻ ആവാത്ത വിധം ഓർമകളുടെ ഒറ്റത്തുരുത്തിൽ തനിച്ചാക്കപ്പെട്ട ആ പഴയ ബാലന്റെ അപഹർഷതകളിലേക്കോ ?
കാലത്തിന്റെ പുഴയൊഴുക്കങ്ങളിൽ സ്നേഹത്തിന്റെ വള്ളരിപ്രാവിൻ കുറുകലുകൾ ഇലഞ്ഞിപ്പുമാലകൾ കോർക്കുന്നു. കാണാത്ത കോണുകളിൽ കളിമാടങ്ങൾ തീർക്കുന്നു.കഞ്ഞിയും കറിയും കളിക്കുന്നു. തേഞ്ഞുതിർന്ന ചക്രങ്ങളിൽ ആനകളിക്കുന്നു. കാലം നഷ്ടപ്പെടുത്തിയ നിഷ്കളങ്കതകളുടെ ഓർമ്മകൾ അതിരുതിരിച്ചിട്ട മനസിന്റെ മതിലുകൾ കാർന്നുതിന്നുന്നു, തുടക്കവും അവസാനവും തെളിവായി എഴുതിയ കടലാസുകഷണങ്ങൾ കരളുന്ന എന്റെ ഓർമ്മപ്പാറ്റകൾ.
അനന്തകൃഷ്ണൻ.