Thursday, July 16, 2020

ഒരു രഹസ്യം.

 മുഖത്തെ ചായപ്പാടുകൾ  മുഴുവനായും കളയാതെ തന്നെയാണ് ഇറങ്ങി ഓടിയത്. ആ ബസിന്തന്നെ പോകണം , ഇനിയുംവൈകിക്കൂടാ , "മുത്തച്ഛന് സുഖമില്ലാതിരിക്കയല്ലേ എന്നും എന്തേ വൈകുന്നു വരാൻ? " എന്ന് അമ്മ ചോദിക്കാത്ത ദിവസമില്ല.

നീങ്ങിതുടങ്ങിയ ബസിൽ ഓടിക്കയറുകയാണ് ഉണ്ടായത്. തിക്കിത്തിരക്കി ഒരു സീറ്റ് കണ്ടെത്തി ഇരുന്നു.തൊട്ട് അടുത്തിരുന്ന മാന്യന് തീരെ മുഷിപ്പ് തോന്നിപ്പിക്കാത്ത വിധം തന്നെയാണ് ഇരുന്നത് , അല്ല മുഷിപ്പ് തോന്നിയാൽ എന്ത് ? താൻ ഈ കഥയിലെ നായകൻ അല്ലയോ , മുഷിയട്ടെ , നായകൻ ഇരിക്കുന്നു !. നീണ്ട ആലോചനയിൽ നിന്നിറങ്ങിവന്ന മാന്യൻ അവജ്ഞയോടെ അയാളെ നോക്കി. നേരിയ ചിരിയോടെ തന്നെ നായകനയാളുടെ അടുത്ത് ഇരിക്കുന്നു. അടുത്തിരുന്ന മാന്യൻ തിരികെ തന്റെ ഫൈലുകളിലേക്ക് തലതാഴ്ത്തി , പിറുപിറുത്തുകൊണ്ട് അയാൾ ഫയൽ പരതി ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് മാറി മാറി നോക്കി. കൗതുകം തോന്നിയ നായകൻ  അയാളുടെ ബാഗിലേക്ക് ഒളിഞ്ഞുനോക്കി,  ബാഗിൽ ചുവന്ന നാടയിൽ പൊതിഞ്ഞ സർക്കാർ ഫയലുകൾ , പിച്ചള സിലുകൾ, അതിനിടയിൽ വെള്ളി അരപ്പട്ടകെട്ടിയ ഒരു തോക്ക് ! കുറേ കുറിപ്പുകൾ വായിക്കാൻ പറ്റുന്നുണ്ടായിരുന്നു അവന് , അവനത് വായിച്ചു , വായിക്കുന്തോറും അവന്റെ കണ്ണുകൾ വിടർന്നു വന്നു , മുഖത്ത് അവശേഷിക്കുന്ന ചായപ്പാടുകളിലൂടെ അവന്റെ കണ്ണുനീരും വിയർപ്പും ഒലിച്ചിറങ്ങി. അവനു പേടിയും കരച്ചിലും വന്നു , അതിനേക്കാൾ മുകളിൽ സന്തോഷവും . കടകൾക്ക് മുന്നിലെ കോമാളിക്കോലം ആയ ഞാൻ ഇതാ എന്റെ രാജ്യത്തിന്റെ പരമോന്നത രഹസ്യങ്ങളിൽ ഒന്ന് അറിഞ്ഞിരുക്കുന്നു. മറ്റാർക്കും അറിയാത്ത രഹസ്യം , വിലപേശിയാലോ , കച്ചവടം എന്നെ വച്ചു പലരും ചെയ്യുന്നതല്ലേ!. പക്ഷെ അവന്റെ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായില്ല , പുതിയ അറിവിന്റെ രഹസ്യങ്ങളുടെ തിളക്കം അയാളുടെ കണ്ണിൽ നിന്ന് നഷ്ടം ആയിരിക്കുന്നു.അടുത്തിരുന്നയാൾ അവന്നത്  അറിഞ്ഞെന്ന് മനസ്സിലാക്കിയിരിക്കുന്നു.  അയാൾ അവന്റെ നേരെ തുറിച്ചു നോക്കി, പല്ലുകൾ ഇറുമ്മി, താൻ ചെയ്ത അപരാധത്തിന്റെ ആഴം അപ്പോളാണ് അയാൾക്കു മനസിലായത് , എന്തിന് ഇങ്ങനെ  പല്ലുകൾ ഇറുമ്മണം നിങ്ങൾക്ക് വേദനിക്കില്ലേ ? ഇല്ല അവൻ അത് ചോദിച്ചില്ല ! സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിലിനു നേരെ നടന്നു , ബസ് നിർത്തി ഇറങ്ങി കുറേ ദൂരം നടന്ന് കഴിഞ്ഞിട്ടും അയാളുടെ നോട്ടം തന്നെ വിട്ട് മാറിയിട്ടില്ല എന്ന് അവന് മനസിലായി , കുറച്ചു ദൂരം നീങ്ങി തിരിഞ്ഞു നോക്കിയപ്പോൾ ബസ് നീങ്ങി തുടങ്ങിയിരുന്നു പക്ഷെ തീക്കനൽ പോലെ രണ്ടു കണ്ണുകൾ അയാളെ അപ്പോളും നോക്കുന്നുണ്ടായിരുന്നു. പേരുവിളിക്കാൻ അറിയാത്ത ഒരു പേടി അവന്റെ ഉള്ളിൽ  കൈതമുള്ളുപോലെ മുറിവ് ഉണ്ടാക്കിക്കൊണ്ടിരുന്നു. എങ്ങിനെ വലിച്ചാലും മുറിവ് കൂടുന്നു. ആരോടും പങ്ക് വക്കാൻ ആവാത്ത രഹസ്യവും പേടിയും. ഏതെങ്കിലും നാടകക്കാരാനോ കള്ളനോ ആയിരിക്കുമോ ? അതോ  എന്തിനും പോന്ന മറ്റാരെങ്കിലുമോ ? പേടിയുടെ  പകപ്പിൽ വീട്ടിൽ അലഞ്ഞു, ഉറങ്ങാതെ പുലർന്ന രാത്രിയിൽ മുത്തശ്ശൻ മരിച്ചു , മൃതദേഹത്തിൽ കൂടിനിന്ന ആരും കാണാത്ത ഒരു പിരിവ് ,ഒരു ഞെരിവ് , മുത്തശ്ശന്റെ  കഴുത്തിൽ അവൻ കണ്ടു. അവന്റെ പേടികൾ സത്യമായി ഭവിക്കയാണ് , വഴിയിൽ കിടന്നു കിട്ടിയ രഹസ്യത്തിന്റെ ഒന്നാമത്തെ വില. ശവദാഹം കഴിഞ്ഞ അന്ന് രാത്രി ജനലിലൂടെ മുത്തശ്ശന്റെ ചിതയിലേക്ക് നോക്കി നിൽക്കേ ചിതയുടെ അരികിൽ കനലിന്റെ വെളിച്ചത്തിൽ കറുത്ത പുകയുടെ മറവിൽ അവൻ അയാളെക്കണ്ടു. ചിതക്ക്മുകളിലൂടെ കനൽ ചീളുകൾ തെറിപ്പിച്ചു കത്താതെ അവശേഷിക്കുന്ന ആസ്തികൾ ചവിട്ടിപ്പൊട്ടിച്ചു അയാൾ അവന്റെ നേരെ അരപ്പട്ട കെട്ടിയ തോക്കും ചുണ്ടി നടന്നടുത്തു. അവൻകണ്ണടച്ച, ."പേടിക്കുന്നത് എന്തിന് ഞാൻ ഈ കഥയിലെ നായകൻ ആണ്"!

No comments:

Post a Comment

ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...