Sunday, May 3, 2020

മഴ നന്മകളായി നമുക്കിടയിൽപെയ്ത കാലങ്ങൾ ..

മഴയുടെ താളത്തിൽ ചിരിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന് താഴെ ജയദേവൻ മാഷ് മലയാളം ക്ലാസ് എടുക്കുന്നു.

"ഈ വാക്യത്തിന്റെ ഒടുവിൽ ഒരു മഴതുടങ്ങും,
ആ മഴയുടെ വക്കത്തെ ഒരു നൗക കാണാം.
ദ്വീപുകൾ എല്ലാം പതുക്കെപ്പതുക്കെ കണ്ണിൽ നിന്ന് മായും, നൗക സഞ്ചരിച്ചുകൊണ്ടിരിക്കും.
തുറമുഖങ്ങളെക്കുറിച്ചുള്ള ഒരു വംശത്തിന്റെ വിശ്വാസം മുടൽമഞ്ഞിൽ പെട്ടുപോകും.
ആ മുടലിലേക്ക് മായും മുൻപ് ഞാനോ മറന്നത്? നിയോ മറന്നത് ?
ഞാൻ ആയിരിക്കാം , മഴക്കാലമല്ലയോ..!"

രാധ ടിച്ചർ പുറത്തുനിന്ന് ക്ലാസ് കേൾക്കുക ആയിരുന്നു.

ഇന്ന്  മാർച്ച് 20 , ഈ അധ്യായന വർഷത്തെ അവസാനത്തെ ക്ലാസ് ആണ്, ക്ലാസ് കഴിഞ്ഞു ജയദേവൻ മാഷ് ഇറങ്ങി വന്നു ,

ടിച്ചറെ ,

സാറേ ,

അവർ പരസ്പരം സംബോധന ചെയ്തു , രണ്ടു സംബോധനകൾ , ഒരു വ്യാഴവട്ടത്തിന്റെ പരിജയത്തിന്റെ , വേർപിരിയലിന്റെ , എല്ലാവികാരങ്ങളും ആ സംബോധനകളിൽ ഉരുകികലർന്നിരുന്നു.

കോരിച്ചൊരിച്ചിലിൽ നിന്ന് ചാറ്റലിലേക്ക് എത്തിയ മഴ നനഞ്ഞു അവർ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടന്നു , അവരെ കടന്ന് ഒരു പറ്റം കുട്ടികൾ ഓടിപ്പോയി,  നനഞ്ഞ തെങ്ങിൻ തടങ്ങളിൽ നിന്ന് ഇയ്യൽ കൂട്ടം പറന്ന് ഉയർന്നു.

സംബോധനകൾക്ക് ശേഷം അവർ ഒന്നും സംസാരിച്ചില്ല,അവർക്കിടയിൽ മൗനം   പെയ്തുതീർന്ന കാലവർഷങ്ങളുടെ ഒഴുകാത്ത വെള്ളംപോലെ തളം കെട്ടി കിടന്നു.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികളും ആയി റിസർവ് ഫോസ്റ്റിലെ അവധിക്കാല പഠന ക്യാമ്പിൽ പങ്കെടുക്കവേ കാടിനു നടുവിലെ ജലാശയത്തിലൂടെ അവർ ഒരുമിച്ചു  നടത്തിയ തോണിയാത്രയെക്കുറിച്ചു ഓർത്തു പരസ്പരം പുഞ്ചിരിച്ചു.

നടത്തത്തിന് ഇടയിൽ ടിച്ചറുടെ ഇടത്തെ കയ്യിലെ കരിവളകളിൽ ചിലതിൽ അറിയാതെ വിരൽ കൊണ്ടപ്പോൾ മാത്രം ജയദേവൻ മാഷ് പറഞ്ഞു,
Sorry!

പൊതു നിരത്തിലെ വിപരീത ദിശകളിലെ ബസ്സ്റ്റോപ്പുകളിലേക്ക് നീങ്ങും മുൻപ്  അവർ പരസ്പരം നോക്കി , അവസാനം ആയി ചിരിച്ചു.

24 വർക്ഷങ്ങൾക്ക് ശേഷം ഇന്ന് മാർച്ച് 20, വാർധക്യതത്തിന്റെ അവസാനത്തെ നരയിടുക്കങ്ങളുമായി പത്രം എടുത്ത ജയദേവൻ മാഷ് പതിവുപോലെ 8ആം പേജിലേക്ക് കണ്ണോടിച്ചു , പതിവ് തെറ്റിയിട്ടില്ല ,
"24 - ആം ചരമ വാർഷികം  ,  പക്ഷെ ഒരു വെത്യാസം ഉണ്ടായി , പതിവായി നൽകാറുള്ള ഫോട്ടോ ക്ക് പകരം രാധയുടെ പഴയ, കുട്ടിക്കാലത്തെ ഫോട്ടോയാണ് , പടർന്ന കൺമഷി കണ്ണുകളും , പാൽപ്പാട ചുണ്ടുകളും കണ്ട് അന്ന് ആദ്യമായി അയാൾ കരഞ്ഞു.

Friday, April 10, 2020

A brief guide for the gravediggers



Remember to  take a candle light with you,
That the broken bones out of the grave may hurt your palm.

Remember to take matches with you ,
That the mutterings and whisperings of corps may extinguish your candle light.

Remember to take a showel with you,
That the grave yard might be doomed with dusts of past and greens of present.

Remember to take a knife with you,
That something sharp would ease your job.

Remember to read the  grave stone clearly,
That you will not be forgiven if you wake up some lonely sleeping souls.

Remember to clean the grave,

Remember to find  her left,

And stab your knife right away to her left chest.

You will find her heart there, don't hesitate to open,there will still be your name on it !

Ananthakrishnan

Monday, March 23, 2020

അവർ കാത്തിരുന്നു , മറ്റുള്ളവർക്ക് വേണ്ടി


സദാനേരവും മഞ്ഞ നിറത്തിൽ ഉള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കുന്നിൻ ചെരുവിൽ ഉള്ള ഗ്രാമം ആണ് ഈയം. കുന്നിന്റെ അപ്പുറത്തുള്ള പട്ടണത്തിലെ വീടുകളിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി അലക്കി വൃത്തി ആക്കി നൽകുന്ന ജോലി പരമ്പരാഗതമായി ചെയ്യുന്നവർ ആണ് ആ ഗ്രമത്തിലെ ആളുകൾ.
കാലപ്പഴക്കത്തിന്റെ കറുപ്പ് പുരണ്ട കരിങ്കൽ ഭിത്തികൾക്ക് മുകളിലിരിക്കുന്ന  പള്ളിമണിയിൽ കപ്യാർ ആദ്യത്തെ മണിമുഴക്കുന്നതിന് ഒരുപാട് മുൻപ്‌ തന്നെ സെലീന ഉണർന്നിരുന്നു. അന്നേദിവസം എത്തിച്ചുകൊടുക്കുവാനുള്ള  കുപ്പായങ്ങൾ തേച്ചു മടക്കുക ആയിരുന്നു അവൾ.
പാരമ്പര്യം ആയി അവൾക്ക് കിട്ടിയ ഭാരിച്ച തേപ്പ്പെട്ടി കൊണ്ട് ഓരോ വസ്ത്രങ്ങൾ അവൾ ശ്രദ്ധയോടെ മടക്കിയെടുത്തു.

ജനാലയിലൂടെ കടന്ന് വന്ന ശീതകാറ്റ് അവളുടെ മുറിയെ ആകെ തണുപ്പിച്ചു. ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു കാറ്റ് എന്ന് അവൾ സംശയിച്ചു എങ്കിലും അവളുടെ ജോലിയുടെ അയാസത്തെയും മനസിനെയും ആ കാറ്റ് തണുപ്പിച്ചു.

തേപ്പ്പെട്ടിയുടെ വിടവിലൂടെ കടക്കുന്ന കാറ്റ് കനൽകട്ടകളിൽ നിന്ന് തീപ്പൊരി പറത്തി. തുണിത്തരങ്ങളിൽ തീപ്പൊരികൾ വീഴാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. എടുത്തു മാറ്റിവച്ച തുണിത്തരങ്ങൾക്ക് ഒടുവിൽ നിന്ന് അവൾ പ്രത്യേകമായി മാറ്റിവച്ച  അദ്ദേഹത്തിന്റെ ആർമി യൂണിഫോം എടുത്തു.യൂണിഫോമിൽ പ്രത്യേകമായി മുക്കിയ സുഗന്ധം പോയിട്ടില്ല എന്ന് അവൾ ഉറപ്പുവരുത്തി.

യൂണിഫോമിൽ വീണുകിടക്കുന്ന ഓരോ ചുളിവുകളും തേച്ചു നിവർത്തവേ അവൾ അത് കൈമാറിയപ്പോൾ അയാൾ പറഞ്ഞത് ഓർത്തു.
"നോർത്ത് ഫ്രണ്ട് ൽ വാർ തുടങ്ങാൻ പോകുകയാണ് വീണ്ടും , എനിക് പോവേണ്ടി വരും പോകുമ്പോൾ ഇടാൻ ഉള്ളതാണ്, നീ പതിവായി നിറക്കാറുള്ള സുഗന്ധം ഈ യൂണിഫോം ലും ധാരാളം നിറക്കണം , യുദ്ധം കഴിഞ്ഞു ഞാൻ മടങ്ങിവരികയാണെങ്കിൽ അപ്പോളും ആ സുഗന്ധം  ഈ യൂണിഫോം ൽ ഉണ്ടാവേണം !, അല്ല ഞാൻ മടങ്ങിവരും ,ചെമ്പക പൂക്കളുടെ സുഗന്ധവും ആയി കാത്തിരിക്കുന്ന നിന്നെ കാണാൻ എനിക്ക് മടങ്ങിവന്നല്ലേ പറ്റു!"
അത് പറയുമ്പോൾ അദ്ദേഹത്തിന്റെ കവിളുകളും കഴുത്തും പടിഞ്ഞാറിന്റെ അരുണിമ വീണ് ചുവന്നിരുന്നു.

ഭൂമിയിലെ സ്വർണത്തിന്റെ തരികൾ വലിച്ചെടുക്കുന്ന കൊണ്ടാണ് ചെമ്പകപ്പൂകൾക്ക് ഇത്ര നിറം, മുത്തശ്ശി ഉണ്ടായിരുന്നപ്പോൾ പറഞ്ഞിട്ടുണ്ട്.അവൾ മുറ്റത്തെ ചെമ്പകത്തിൽ നിന്നിറുത്ത പൂക്കളും നിത്യമുല്ലയുടെ പൂക്കളും യൂണിഫോം ന്റെ പോക്കറ്റിൽ നിറച്ചു.

 തുണിത്തരങ്ങൾ ഓരോന്നും ചുരുങ്ങാതെ അടുക്കിയെടുക്കവേ ആണ് പതിവില്ലാത്ത ഒരു കൂട്ടമണിയടി പള്ളിയിൽനിന്ന് കേട്ടത് , എന്തോ അപായം ഉണ്ടെന്ന് മനസിലാക്കി അവൾ പള്ളിയിലേക്ക് ഓടി, അൾത്താരയിൽ പുരോഹിതൻ വിഷമത്തോടെ നിൽക്കുന്നത് കണ്ട അവൾക്ക് എന്തോ ഗൗരവം ഉള്ള കാര്യം ആണെന്ന് മനസിലായി, പതിയെ അൾത്തര ഗ്രാമത്തിലെ ആളുകളെക്കൊണ്ടു നിറഞ്ഞു.പുരോഹിതൻ സംസാരിച്ചുതുടങ്ങി ,

"പ്രിയരേ  നിങ്ങൾക്കറിയാം നിങ്ങളും , നിങ്ങളുടെയും എന്റെയും പുർവികരും മറ്റുള്ളവരുടെ അഴുക്ക് കളയുന്ന ജോലിയാണ് ചെയുന്നത് ,എന്നാൽ നമ്മളിൽ ഇന്ന് ഒരു അഴുക്ക് പറ്റിയിരിക്കയാണ്, നമ്മളിലെ കുറെ കുടുംബങ്ങളിൽ ആരും ക്ഷണിക്കാത്ത ഒരു അഥിതി കയ്യേറുകയാണ്, പ്ലെഗ് ! നമുക്കു ഓടാം ,പക്ഷേ ഇപ്പോൾ നമ്മൾ ഓടുന്ന എല്ലാ ഇടങ്ങളിലും ഇത് പടരും , മറ്റുള്ളവരുടെ അഴുക്ക് കളഞ്ഞു ശീലിച്ച നമുക്കു അത് വയ്യല്ലോ!"
പുരോഹിതൻ മറ്റൊന്നും പറഞ്ഞില്ല എന്നാൽ  അവർക്ക്  എല്ലാം മനസിലായി. അവർ അവരുടെ വീടുകളിലേക് പോയി, അവർ അവർക്കിടയിലുള്ള സന്തോഷങ്ങളിലും സുഗന്ധങ്ങളിലും അവർ മുഴുകി,  അവൾ ഒരിക്കലും തിരിച്ചു കൊടുക്കാൻ കഴിയില്ലാത്ത ആ യൂണിഫോമും ആയി വീട്ടിൽ ഇരുന്നു.
രാജ്യത്തിൽ പ്ലെഗ് പടരുന്നതിനാൽ യുദ്ധം വെടിഞ്ഞു പട്ടാളം ഗ്രാമങ്ങളിലേക്ക് വന്നു, ആ സംഘങ്ങളിൽ ഒന്നിൽ ആയാളും ഉണ്ടായിരുന്നു, കുന്നിന്റെ ഇപ്പുറത്തെ ചെരുവിൽ നിന്ന് അപ്പുറത്തേക്ക് കടത്താതെ പ്ലെഗ് നെ തളച്ച ആ ഗ്രാമത്തിലെ ഓരോ കുടിലുകളിലും അവർ കയറിയിറങ്ങി , മരിച്ചു കാലം കഴിഞ്ഞ മണം നിറഞ്ഞ അവളുടെ കുടിലിലേക്ക് മുക്ക് പൊത്തി കയറിയ അയാൾക്ക്  തന്റെ യൂണിഫോം നെഞ്ചോട് ചേർത്ത് കിടക്കുന്ന പഴകിയ മൃതദേഹം  തിരിച്ചറിയാൻ ആയില്ല ,എന്നാൽ അവൾ വസ്ത്രങ്ങളിൽ പടർത്താറുള്ള ആ നറുമണം ആ യൂണിഫോം ന് അപ്പോളും ഉണ്ടായിരുന്നു.

അനന്തകൃഷ്ണൻ.

Saturday, September 7, 2019

ഓണമുത്തശ്ശി


കൊയ്ത്ത് ഒഴിഞ്ഞു ഒരുകാലവർഷം മുഴുവൻ നനഞ്ഞു ചിങ്ങത്തിലേക്കുള്ള നീക്കിയിരുപ്പിൽ നനയാൻ തയ്യാർ ആയി ഇരിക്കുന്ന പാട വരമ്പിലൂടെ ഓണമുത്തശ്ശി നടന്നു വരികയാണ്. കസവു നേര്യതിന്റെ നീട്ടിയിട്ട മടിയിൽ നിറയെ കടലമിട്ടായികൾ ആണ്. വേലികൾക്ക് അപ്പുറത്തും ഇടവഴികഴികളിലും കുട്ടികൾ ചിതറിനിന്നേക്കും എന്ന ധാരണയിൽ കരുത്തിയിരിക്കുകയാണ്.
‌ഓണമുത്തശ്ശിയുടെ കാൽത്തളകൾ മുട്ടി തുമ്പയിലും മുക്കുറ്റിയിലും കാത്ത് നിന്ന ഓണം പുറത്ത് വന്നു.
പാടിഞ്ഞാറുനിന്ന് വീശി വന്ന കാറ്റിൽ ഓണം ഒരോ ചെടികളിലും പൂമരങ്ങളിലും തന്റെ വരവ് അറിയിച്ചു. നാടിന്റെ വേരിലേക്ക് ഇറങ്ങി വന്ന കുട്ടികൾക്ക് കാലം കടക്കുമ്പോൾ ഓർത്തു പാടാൻ ഓണമുത്തശ്ശി  ഒരോ വീടുകളിലും കയറി പാടാൻ തുടങ്ങി ,
"പതിപ്പത്ത്  ദോസം പൂപറിക്കാൻ
പതിപ്പത്ത്  നിരയായി പൂക്കളം ഇടാൻ
മഹാബലി തമ്പുരാനെ എതിരേൽക്കുവാൻ ഓടിവാ ഓടിവാ കുട്ടികളെ
ഓടിവാ ഓടിവാ കുട്ടികളേ"...

വെളിച്ചം മങ്ങിയിട്ടും ഇരുട്ടിയിട്ടും അത്തവും ചിത്തിരയും ചോതിയും ... ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു തീർന്നിട്ടും തിരുവോണം എത്തിയിട്ടും കുട്ടികൾ ആരും വന്നില്ല.
വാടിയപൂക്കളുടെ കൂടെ തളകൾ കിലുക്കി ഓണമുത്തശ്ശിയും പറന്നു പറന്നു പോയി.
മടിയിൽ കരുതിയ മധുരങ്ങളും കൊണ്ട് ഓണമുത്തശ്ശി ഇനിയും വരാൻ വേണ്ടി തന്നെ മടങ്ങി പോയി......

Saturday, July 13, 2019

അകലെ സന്ധിക്കുന്ന മരച്ചില്ലകൾ ...


അകലെ ചെറുതായിമാറിക്കൊണ്ടിരിക്കുന്ന വിളക്കിന്റെ വെളിച്ചം കാറ്റിൽ ഉലഞ്ഞുകൊണ്ടിരിക്കുന്നു. കുന്നിറങ്ങുന്ന ഒരോ തിരുവിലും പിന്നിലേക്ക് നോക്കി  വിളക്കിന്റെ ഉലച്ചിൽ നോക്കി  അവൻ ഇരുന്നു.
എണ്ണക്കറ പറ്റി കറുത്ത ആ ഒറ്റക്കൽ വിളക്കിന്റെ വെളിച്ചം കുന്നിന്റെ മുകളിൽ തെളിയുന്നതും മറയുന്നതും നോക്കിയാണ് കുന്നിന്റെ മറുപകുതിയിലെ വീട്ടിൽ നിലവിളക്കു തെളിയിക്കയും അണക്കയും ചെയ്‌തുപോന്നത് . തനിച്ചാക്കി പോരാൻന്നേരവും അവന്റെ അമ്മ മുൻവശത്തെ ആരമതിലിൽ ഇരിക്കയായിരുന്നു. ഇപ്പോളും അവര് അവിടെ തന്നെ ഇരിക്കുന്നുണ്ടാവാം,അവൻ ഓർത്തു. പിന്നിൽ വീണുപോയ സ്വന്തം നിഴലിനെ കൂടെ കൂട്ടാൻ ആവാത്ത വേദനയിൽ അവൻ കരഞ്ഞു. കുന്നിറങ്ങി തിരിഞ്ഞുനോക്കിയപ്പോൾ ദൂരെ മുകളിൽ  വിളക്കിന്റെ വെളിച്ചം ഇരുട്ടിൽ ഒരു സൂചിമുന പോലെ തിളങ്ങി. കുന്നിന്റെ മറുപുറം ഉള്ള  വെളിച്ചം എന്നിൽ നിന്ന് മറച്ചുവച്ച  കാലത്തിന്റെ കറുത്ത കരിമ്പടം തുളഞ്ഞു വരുന്ന നേരിയ വെള്ളിവെളിച്ചം പോലെ, നിറഞ്ഞ കണ്ണുകളിലൂടെ കാണുമ്പോൾ ആ വെളിച്ചത്തിന്റെ തിളക്കം കൂടി വരുന്നതായും  അവനു തോന്നി.പറയാൻ ബാക്കി വക്കുന്ന വാക്കുകൾ മനസിന്റെ മച്ചിൽ വെള്ളരിപ്രാവുകളെപ്പോലെ കുറുകാൻ തുടങ്ങി.  മറ്റൊരു കുന്നിന്റെ   തഴ് വാരത്തിൽ അവസാനിക്കാൻ ഉള്ള ഈ യാത്രയെക്കുറിച്ചുള്ള ഓർമകളെ, പേടികളെ മറച്ചു കൊണ്ട് ആ വെള്ളരിപ്രാവുകൾ ചിറകടിച്ചു പറന്നു.
ബസിന്റെ ജനാലകൾ കടന്ന് വരുന്ന പൊടിനിറഞ്ഞ കാറ്റ് കൊണ്ടു അവൻ കണ്ണ് അടച്ചു.
ദൂരെ ചെങ്കൽ കുന്നിന്റെ മുകളിൽ പ്രഭുക്കൻമാർ നിർമിച്ച നൂറ്റാണ്ട്കൾ പഴക്കം ഉള്ള കോട്ടയെയും കിടങ്ങുകൾക്ക് മറുപുറം കുമ്മായപശകൊണ്ടു പരസ്പരം ബന്ധിച്ച ചെങ്കൽഭിത്തികളെയും മറന്ന് അവൻ ഒരു മയക്കത്തിലേക്ക്  വീണു. അപ്പോൾ അവൻ  കണ്ട കിനാവിൽ നിറയെ പൂത്ത് നിൽക്കുന്ന ഒരു പാടത്തിന്റെ നടുവിലൂടെ ഉള്ള മണ്ണിട്ടവഴിയിലൂടെ ഒറ്റക്ക് പാതി വഴി നടന്നു വന്ന് വീണുപോകുന്ന അമ്മയെ അവൻ കണ്ടു.അവൻ കണ്ണുതുറന്ന് അറിയാതെ ഉച്ചത്തിൽ അമ്മേ എന്ന് വിളിച്ചു പോയി. വർഷങ്ങൾക്ക് മുൻപ് ഈ വഴിയേ അമ്മയോട് ഒപ്പം നടത്തിയ ബസ് യാത്ര അവൻ ഓർത്തു , പാതി വഴിയിൽ എത്തിയപോളേക്കും ശർദിൽ തുടങ്ങിയിരുന്നു , ശർദിച്ചു അവശനായ തന്നെ ഓട്ടോ യിൽ കയറ്റി അനാധാലയത്തിന്റ വാർഡന്റെ കൈയിൽ ഏല്പിക്കുമ്പോൾ ശർദിലിന്റെ മണം ആയിരുന്നു അവനു, അവിടുന്ന് വയർ നിറയെ ഭക്ഷണം കണ്ടു  ടി വി കണ്ടിരുന്ന അവനെ തനിച്ചാക്കി അമ്മ പോയി ,  ഒരു  പക്ഷെ നിറഞ്ഞ വയറും ആയി ഇരുന്ന് ടി വി കണ്ടു അത്ഭുദത്തോടെ  ചിരിക്കുന്ന എന്നെ അമ്മ നിറഞ്ഞ കണ്ണുകളോടെ നോക്കിട്ടുണ്ടാകാം ,  എന്നെ കാണാൻ കൊതിച്ചു അമ്മ കരഞ്ഞിട്ടുണ്ടാകാം,  നേരിൽ കാണുമ്പോൾ ഒരിക്കലും അവർ അതേപ്പറ്റി സംസാരിച്ചില്ല.  ഒരിക്കൽ അവന്റെ ഭാര്യയോട്  പറയുന്നത് അവൻ കേട്ടിരുന്നു, "നാടുനീളെ തെണ്ടി പോറ്റാവുന്ന കാലം അത്രേം പോറ്റി അത് മതിയാവാൻടെ വന്നപ്പോ കൊല്ലാൻ ആറ്റിൽ വലിച്ചെറിഞ്ഞേയ ഇവനെ , ഒന്ന് ചത്ത് കണ്ടിട്ട് ഞാനുടെ ചാവാന്ന് ഓർത്തു, പെടക്കണ കണ്ടപ്പോ സഹിച്ചില്ല , കരക്ക് വലിച്ചിട്ട് വയറ്റിൽ ഞെക്കിപ്പോ ചിരിച്ചോണ്ട് ഇവൻ പറയുവ പേടിക്കണ്ട അമ്മി , വയറും വായും ഞാൻ നന്നെ അടച്ചു വച്ചേർന്നു വെള്ളോന്നും കുടിച്ചില്ല ന്ന് , അച്ഛന്റെ കാരുണ്യത്തിലാ ഫോറത്തിൽ ചേരാൻ ആയെ ,എന്നിട്ടിപ്പോൾ..."
വേഗത്തിൽ സഞ്ചരിച്ച ബസ് നിന്നു, ഒരുപാട് സങ്കടകടലുകൾ നീന്തിക്കടന്ന ഒരു നാവികന്റെ നിരവികാരതയോടെ അവൻ ബസിൽ നിന്ന് ഇറങ്ങി , സാദാ നേരവും നെയ് വിളക്കിന്റെ സുഗന്ധം ഉള്ള ഇടനാഴി പിന്നിട്ട് അവൻ ജയിലിലേക്ക് കയറിപ്പോയി.
 
  അനന്തകൃഷ്ണൻ

Sunday, March 17, 2019

ഓർമ്മപ്പാറ്റകൾ


മരങ്ങളുടെ തുഞ്ചണി പോക്കത്തിനും മുകളിൽ ആയി കാണുന്ന ആകാശത്തിന്റെ  പാതിയോളം ഉയരത്തിൽ , മേഖങ്ങളുടെ മറപറ്റി നേരിയ ഒരു നിഴൽ പോലെ മലനിരകൾ എനിക്ക് എന്നും കാണാൻ കഴിഞ്ഞിരുന്നു, ഞാൻ പോകുന്നിടങ്ങളിൽ എല്ലാം. മലനിരകൾ ഒരിക്കലും ഉണ്ടാകാൻ സാധ്യത ഇല്ലാത്ത ഇടങ്ങളിൽ പോലും പണ്ടെന്നോ കണ്ടു ശീലിച്ച ഈ മലനിരകൾ കാട്ടിത്തരുന്ന എന്റെ മനകണ്ണിന്റെ ഓർമ.
ഒരു തരത്തിൽ എന്റെ ഓർമ്മകൾ തന്നെ ആണ് ആ മലനിരകൾ.
ആ മലനിരകളിൽ നേരിയ വെളുത്ത പുക പോലെ മഞ്ഞുയരുന്നു. വെളുത്ത പാടപോലെ നിരുറവകൾ.പുൽനാമ്പുകളുടെ ചോട് പിടിച്ചു മലയിറങ്ങി വരുന്ന എന്റെ അച്ഛൻ.  ഇരുട്ട് വീണാൽ അങ്ങിങ്ങായി തെളിയുന്ന വിളക്കുകൾ , കാറ്റിൽ അവ ഉലയുന്നത് , എല്ലാം എനിക്ക് കാണാൻ കഴിയുന്നു, മൗനമായി.
    മണൽക്കുനകൾക്ക് നടുവിൽ ശ്വാസമടപ്പിക്കുന്ന കറുത്ത കറ പിടിച്ച പുകത്തുപ്പുന്ന കുഴലുകൾക്ക് നടുവിലെ ചില്ലുകൂട് മുറിക്കുള്ളിൽ ഇരുന്നപ്പോൾ അവിചാരിതം ആയിട്ടാണ് വെളുത്ത ഒരു പ്രാവ് ചിറകടിച്ചു പറന്ന് പോകുന്നത് കണ്ടത് . ജനൽച്ചില്ലകളിൽ ചിറകടിച്ചു കുറുകി അത് പറന്ന് പോയി. ദൂരെ മരീചിക പോലെ കാണാവുന്ന എപ്പോഴും മഴയിഴകളും കുഴമഞ്ഞും നിറഞ്ഞ എന്റെ ഓർമകളുടെ മലനിരകളിലേക്ക് അത് പറന്ന് പോയി.
മരുപ്പരപ്പിൽ എനിക്കിപ്പോൾ കാണാൻ കഴിഞ്ഞ വെള്ളരിപ്രാവിന്റെ കുറുകൽ എന്നെ എത്തിച്ചത് എവിടേക്ക് ആണ്.
മാസങ്ങൾ നീണ്ട വേനൽ അവധികൾക്ക് ശേഷം മടങ്ങിയെത്താറുള്ള കയറ്റം കിട്ടിയ ക്ലാസ് മുറികളിൽ നിറഞ്ഞുനിന്നിരുന്ന പ്രാവിൻതൂവലുകൾക്കും കുറുകലുകൾക്കും, കാട്ടങ്ങൾക്കും അവനിറക്കുന്ന മണത്തിനും നടുവിലേക്കോ ? ഓർമ്മകൾ മുറിഞ്ഞുപോയ അവദിക്കാലങ്ങളിൽ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളുടെ അർദ്രതകളില്ലെക്കോ ?ഒരിക്കലും മടങ്ങിപ്പോകാൻ ആവാത്ത വിധം ഓർമകളുടെ ഒറ്റത്തുരുത്തിൽ തനിച്ചാക്കപ്പെട്ട ആ പഴയ ബാലന്റെ അപഹർഷതകളിലേക്കോ ?
കാലത്തിന്റെ പുഴയൊഴുക്കങ്ങളിൽ സ്നേഹത്തിന്റെ വള്ളരിപ്രാവിൻ കുറുകലുകൾ ഇലഞ്ഞിപ്പുമാലകൾ കോർക്കുന്നു. കാണാത്ത കോണുകളിൽ കളിമാടങ്ങൾ തീർക്കുന്നു.കഞ്ഞിയും കറിയും കളിക്കുന്നു. തേഞ്ഞുതിർന്ന ചക്രങ്ങളിൽ ആനകളിക്കുന്നു. കാലം നഷ്ടപ്പെടുത്തിയ നിഷ്കളങ്കതകളുടെ ഓർമ്മകൾ അതിരുതിരിച്ചിട്ട മനസിന്റെ മതിലുകൾ കാർന്നുതിന്നുന്നു, തുടക്കവും അവസാനവും തെളിവായി എഴുതിയ കടലാസുകഷണങ്ങൾ കരളുന്ന എന്റെ ഓർമ്മപ്പാറ്റകൾ.
അനന്തകൃഷ്ണൻ.

Sunday, January 13, 2019

കൽപ്പടവുകൾ


ധർമസ്ഥലിയിലെ മലമുകളിൽ ഉള്ള ക്ഷേത്രത്തെപ്പറ്റി ഗൗതമനോട് പറഞ്ഞത് ഗിതയാണ് ഒരിക്കൽ.
"പാറക്കെട്ടുകൾ കീറിയുണ്ടാക്കിയ കൽപ്പടവുകൾ കയറിപ്പോകുമ്പോൾ വശങ്ങളിലെ കൽമണ്ഡപങ്ങളോട് ചേർന്നുള്ള കുളങ്ങളിൽ ആമ്പൽപ്പുക്കൾ കാണാം",അവൾ അവനോട് പറഞ്ഞു. അങ്ങനെ ഒരു സ്ഥലത്തെപ്പറ്റി ആദ്യമായി കേൾക്കുന്ന ലാഘവത്തോടെ അന്ന് അവൻ കേട്ടിരുന്നു.
കൽപ്പടവുകൾ പാതികയറി കാഷായ വേഷത്തിൽ പൊതിഞ്ഞിരുന്നു ഭിക്ഷാടകനായി സരസ്വതിയെ അവസാനമായി കണ്ട പകലിനെക്കുറിച്ച് അവൻ അവളോട് പറഞ്ഞില്ല.
വർഷങ്ങൾ കടന്ന് പോയിരിക്കുന്നു , വാക്കുകൾ മുറിഞ്ഞു പോയിരിക്കുന്നു.
ഉടുത്തുമങ്ങിയിട്ടില്ലാത്ത അമ്മയുടെ പഴയ സാരികളുടെയും പുസ്തകങ്ങളുടെയും സാനിധ്യംകൊണ്ടു മാത്രം തന്റേത് എന്ന് തോന്നിപ്പിക്കുന്ന മുറിയിൽ സ്വയം തടവിൽ കഴിഞ്ഞിരുന്നകാലത്ത് തന്റെ സന്ധ്യകൾക്ക് ചന്ദനത്തിന്റെ മണവും തണുപ്പും നൽകിയ സരസ്വതിയെപ്പറ്റി ഗൗതമൻ ഒരിക്കൽ ഗിതയോട് പറഞ്ഞിരുന്നു.
"പ്രിയതമയുടെ ജഡത്തിന്റെ അരികിലിരുന്ന് സഞ്ചിവനിരാഗം പാടി അവളെ ജീവിതത്തിലേക്കു മടക്കി വിളിച്ച ജയദേവന്റെ കഥയിലേത് പോലെ ,അവളെ ജിവിതത്തിലേക്ക് വിളിക്കാത്തത് എന്തേ ?"
ഗീത ചോദിച്ചു.
ഗൗതമന് അത്ഭുദം ആണ് തോന്നിയത്.
"എത്രയേറെ നിറക്കൂട്ടുകൾ ആണ് ഒരു സ്ത്രീയുടെ മനസ്സിൽ, എത്രയെത്ര ചായങ്ങൾ ,അവയിൽ വിരൽമുക്കി എത്രയെത്ര ചിത്രങ്ങൾ ആണ് അവർക്ക് വരയ്ക്കാൻ സാധിക്കുന്നത് ?"ഗൗതമൻ അത്ഭുതപ്പെട്ടു..
ഇല്ല ഞാൻ അവളെ ജീവിതത്തിലേക്ക് വിളിച്ചില്ല. എനിക്ക് സഞ്ചിവനിരാഗം വശമുണ്ടായിരുന്നില്ല.എന്റെ മുറിയുടെ ജനലിലൂടെ നോക്കിയാൽ കാണാവുന്നത്ര ഉയരം കുറഞ്ഞ കറുത്ത വെട്ടുകൽ മതിലിന്റെ അപ്പുറത്ത് ഉയർന്ന് നിന്നിരുന്ന നന്ദ്യാർവട്ടത്തിന്റെ പൂക്കൾ പറിക്കാൻ വീണമിട്ടുന്ന അവളുടെ വിരലുകൾ ഉയരുന്നതും കാത്തു  തള്ളിനീക്കറുള്ള പകലറുതികളിൽ ഒന്നിലും തന്നെക്കൂടി വീണമിട്ടുവാൻ പാടിപ്പിക്കുമോ എന്ന് അവൻ ചോദിച്ചില്ല. പക്ഷേ അവൾ പാടുന്ന പാട്ടുകൾ എല്ലാം അവനുവേണ്ടിയുള്ളത് ആയിരുന്നു.അവയൊരുന്നും അവനെ ഓർമിപ്പിച്ചു.
"ഈ ലോകത്തിൽ ഞാൻ തനിച്ചല്ല.."
ഒരിക്കൽ പരിസരമെല്ലാം അസാധാരണമായ നീലവെളിച്ചത്തിൽ കുളിച്ചുനിന്ന ഒരു സന്ധ്യയിൽ കൽമതിലിന്റെ ഓരത്തെ സാർപ്പത്തറയിൽ വിളക്കവച്ചു വന്ന സരസ്വതിയുടെ വീണമിട്ടുന്ന  വിരലുകളിൽ ഗൗതമൻ തൊട്ടു.
സർവ്വവിജയിയെപ്പോലെ അവൻ വിരലുകളിൽ ബലമായി അമർത്തി. ചിരാതിൽ നിന്ന് എരിയുന്ന തിരിപോലെ അവൾനിന്നുലഞ്ഞു. വേദനിച്ചെങ്കിലും അവൾകൈവലിച്ചില്ല.പക്ഷെ അവൾ ചോദിച്ചു.
"ഒരുപാട് അടുത്താൽ വേദനിക്കേണ്ടിവരും എന്ന് ഓര്മിപ്പിക്കയാണോ?".
സംഗീതം കേട്ടാൽ തലകറങ്ങുന്ന ഒരു വ്യവസായിയുടെ പിൻപറ്റി മരിച്ചു മൂടിയ അവളുടെ വീണയും ആയി പടിയിറങ്ങി പോകുന്ന സരസ്വതിയെ കറുത്തകൽക്കെട്ടിന്റെ മറപറ്റി അവൻ നോക്കി നിന്നു.വെളിച്ചം നിറഞ്ഞ ലോകത്ത് നിന്നും പുറത്താക്കപ്പെട്ടു എന്ന് അവൻ മനസിലാക്കിയത് അന്ന് ആണ്.
ധർമസ്ഥലിയിലെ മലമുകളിലെ ക്ഷേത്രത്തിൽ വച്ചു വിവാഹം നടക്കവേ കൾപ്പടവുകൾ പാതികയറി കാഷായത്തിൽ മൂടി ഗൗതമൻ ഇരുന്നു. വർഷങ്ങൾ പഴക്കമുള്ള നാണയത്തുട്ട് എറിഞ്ഞിട്ട് അവർ അവനെ കടന്ന് പോയി.വർഷങ്ങൾ കടന്ന് അവനിൽ എത്തിയ ആ നാണയത്തുട്ട് അവൻ സുക്ഷിച്ചു വച്ചു.
ഇന്നിതാ ഗൗതമൻ വീണ്ടും എത്തിയിരിക്കുന്നു  ധർമസ്ഥലിയുടെ അടിവാരത്തിൽ , കൽപ്പടവുകൾക്ക് മുന്നിൽ.
ഗീത പറഞ്ഞു..
"ഈ കൽപ്പടവുകൾ കാലത്തിന്റെ  കോട്ടയാണ്, നമുക്കിത്തിന്റെ മറുപുറത്തേക്ക് പോകാം?"
ഗൗതമൻ പറഞ്ഞു..
"ഈ കൽപ്പടവുകൾ എനിക്കുള്ള മെത്തയാണ്‌, നിത്യതയിലേക്കുള്ള ഉറക്കത്തിനുള്ള മെത്ത."
അവർ കൈകോർത്തു കൽപ്പടവുകൾ കയറാൻ തുടങ്ങി.
ഗൗതമൻ മനസ്സിൽ  എണ്ണാൻ തുടങ്ങി.
"ഒന്ന് ... രണ്ട്... മൂന്ന്...ഇന്നലെ ...ഇന്ന്... നാളെ...ജന്മാന്തരങ്ങൾ"
കൽപ്പടവിന്റെ പാതിയിൽ അവരുടെ കയ്യിൽ നിന്ന് വീണ ആ പഴയ നാണയതുട്ട് താഴേക്ക് പടികൾ ഒരൊന്ന് ആയി ഇറങ്ങി...
"ജന്മാന്തരങ്ങൾ... നാളെ... ഇന്ന്... ഇന്നലെ.. മൂന്ന്...രണ്ട്... ഒന്ന്"
അനന്തകൃഷ്ണൻ.


ശവക്കുഴിതോണ്ടുന്നവർക്ക് ഒരു ഹ്രസ്വ ഗൈഡ്

  നിങ്ങളോടൊപ്പം ഒരു മെഴുകുതിരി  എടുക്കാൻ ഓർക്കുക, ശവക്കുഴിയിൽ നിന്ന് ഒടിഞ്ഞ എല്ലുകൾ നിങ്ങളുടെ കൈപ്പത്തിയെ വേദനിപ്പിക്കും. നിങ്ങളോടൊപ്പം ഒരു ...