കൊയ്ത്ത് ഒഴിഞ്ഞു ഒരുകാലവർഷം മുഴുവൻ നനഞ്ഞു ചിങ്ങത്തിലേക്കുള്ള നീക്കിയിരുപ്പിൽ നനയാൻ തയ്യാർ ആയി ഇരിക്കുന്ന പാട വരമ്പിലൂടെ ഓണമുത്തശ്ശി നടന്നു വരികയാണ്. കസവു നേര്യതിന്റെ നീട്ടിയിട്ട മടിയിൽ നിറയെ കടലമിട്ടായികൾ ആണ്. വേലികൾക്ക് അപ്പുറത്തും ഇടവഴികഴികളിലും കുട്ടികൾ ചിതറിനിന്നേക്കും എന്ന ധാരണയിൽ കരുത്തിയിരിക്കുകയാണ്.
ഓണമുത്തശ്ശിയുടെ കാൽത്തളകൾ മുട്ടി തുമ്പയിലും മുക്കുറ്റിയിലും കാത്ത് നിന്ന ഓണം പുറത്ത് വന്നു.
പാടിഞ്ഞാറുനിന്ന് വീശി വന്ന കാറ്റിൽ ഓണം ഒരോ ചെടികളിലും പൂമരങ്ങളിലും തന്റെ വരവ് അറിയിച്ചു. നാടിന്റെ വേരിലേക്ക് ഇറങ്ങി വന്ന കുട്ടികൾക്ക് കാലം കടക്കുമ്പോൾ ഓർത്തു പാടാൻ ഓണമുത്തശ്ശി ഒരോ വീടുകളിലും കയറി പാടാൻ തുടങ്ങി ,
"പതിപ്പത്ത് ദോസം പൂപറിക്കാൻ
പതിപ്പത്ത് നിരയായി പൂക്കളം ഇടാൻ
മഹാബലി തമ്പുരാനെ എതിരേൽക്കുവാൻ ഓടിവാ ഓടിവാ കുട്ടികളെ
ഓടിവാ ഓടിവാ കുട്ടികളേ"...
വെളിച്ചം മങ്ങിയിട്ടും ഇരുട്ടിയിട്ടും അത്തവും ചിത്തിരയും ചോതിയും ... ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു തീർന്നിട്ടും തിരുവോണം എത്തിയിട്ടും കുട്ടികൾ ആരും വന്നില്ല.
വാടിയപൂക്കളുടെ കൂടെ തളകൾ കിലുക്കി ഓണമുത്തശ്ശിയും പറന്നു പറന്നു പോയി.
മടിയിൽ കരുതിയ മധുരങ്ങളും കൊണ്ട് ഓണമുത്തശ്ശി ഇനിയും വരാൻ വേണ്ടി തന്നെ മടങ്ങി പോയി......
No comments:
Post a Comment